ജിഎസ്ടി വരുമാനത്തില്‍ വര്‍ധന, സെപ്തംബറില്‍ 1.89 ലക്ഷം കോടി
ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വരുമാനത്തില്‍ വന്‍ വളര്‍ച്ച. നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാന വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയത്. 1.89 ലക്ഷം കോടി രൂപയാണ് സെപ്റ്റംബറിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.1 ശതമാനം വര്‍ധനവാണ് കണക്കുകള്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഒന്‍പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയുടെ മുകളില്‍ തുടരുന്നത്. രാജ്യത്തെ ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനര്‍നിശ്ചയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പോലും നികുതി വരുമാനത്തെ ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജിഎസ്ടി വെട്ടിക്കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വാഹനങ്ങളുടെ വില്പനയെ ഉള്‍പ്പെടെ ബാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, നാല് സ്ലാബുകള്‍ ഉണ്ടായിരുന്ന ജിഎസ്ടി നിരക്കുകള്‍ രണ്ടെണ്ണമാക്കി ചുരുക്കുകയായിരുന്നു. 28 ശതമാനം, 12 ശതമാനം ജിഎസ്.ടി നിരക്കുകള്‍ എടുത്തുമാറ്റി 18 ശതമാനം, അഞ്ച് ശതമാനം എന്നിവയിലേക്കാണ് കുറച്ചത്. സെപ്റ്റംബര്‍ 22നാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്.